Friday 23 December 2011

ലക്ഷ്യം ( The Mission)

(സന്തുലനം)
ഈശ്വര വിശ്വാസികളും യുക്തിവാദികളും ആയ നമ്മൾ എല്ലായ്പോഴും നൂറുശതമാനവും അങ്ങനെ ആയിക്കൊള്ളണം എന്നില്ല. അംഗീകരിച്ചാലും ഇല്ലെൻകിലും ചിലപ്പോഴെൻകിലും ഒരു വിശ്വാസി, യുക്തി വാദി ആയും, യുക്തി വാദി, വിശ്വാസി ആയും മാറാറുണ്ട്. യുക്തിയുടെ നേരിയ നൂല്പാലത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ, കാൽ അല്പം ഒന്നു വഴുതിയാൽ മതി, നമ്മൾ  ഉന്മാദത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്, ചിലപ്പോൾ വീണുപോകും. ആധുനിക വൈദ്യശാസ്ത്രഞ്ജന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, തലച്ചോറിനുള്ളിൽ ഒരു കെമിക്കൽ ഇംബാലൻസ് ഉടലെടുക്കുന്നു. മനസ്സിന്റെ സന്തുലനാവസ്ഥയെ നിയന്ത്രിയ്ക്കുന്ന ഏതെൻകിലും ഒരു രാസപദാർഥം കൂടുകയോ, കുറയുകയോ ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഒരു അസന്തുലിതാവസ്ഥ.
ഇതിനു മറുമരുന്നായി ഡോക്ടർ ഗുളികയുടെയോ, ടോണിക്കിന്റെയോ രൂപത്തിൽ, മരുന്ന് എന്ന രാസപദാർധം നൽകി, കുറച്ചൊക്കെ ഈ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുന്നുണ്ട്. യുക്തിയ്ക്ക് നിരക്കാത്തതോ, പൊതുസമൂഹത്തിന് സഹിയ്ക്കാൻ പറ്റാത്തതോ ആയ രീതിയിൽ നിങ്ങളുടെ  പെരുമാറ്റരീതിയിൽ എന്തെകിലും അസാധാരണത്വം അനുഭവപ്പെട്ടാൽ, എത്രയും പെട്ടന്ന്, ബിഹേവിയറൽ സയൻസ്സിൽ വൈദഗ്ധ്യം ആർജ്ജിച്ചിട്ടുള്ള ഒരു ഡോക്ക്ടറെ സമീപിയ്ക്കുന്നത് ഉചിതം ആയിരിയ്ക്കും.
ഇന്നത്തെ പരിഷ്ക്രത സമൂഹത്തിൽ പോലും, ഒരാൾ മാനസ്സികരോഗവിദഗ്ധനെ കണ്ടിട്ടുണ്ട് എന്ന് പരസ്യമായി സമ്മതിയ്ക്കാറില്ല. കാരണം, ഇത്തരം ഒരു വൈദ്യനെ കണ്ടു എന്നു പറഞ്ഞാൽ മതി, പിന്നീട് അയാളേക്കുറിച്ച് വട്ടൻ, ഭ്രാന്തൻ എന്നൊക്കെ പറഞ്ഞുകളയും. മാത്രമല്ല, ഒരു ചാൻസ് കിട്ടിയാൽ, കുതിരവട്ടത്തോ, ഊളമ്പാറയിലോ കൊണ്ടുപോയി അടച്ചിട്ടു വരാൻ, സ്വന്തം ബന്ധുക്കൾ വരെ ഒരു പക്ഷെ തയ്യാറായി എന്നും വരാം.
മാനസ്സിക പ്രശ്നങ്ങൾ അനുഭവിയ്ക്കുന്നവരെ, എങ്ങിനെ സമൂഹത്തിൽ ഉൾക്കൊള്ളിയ്ക്കാം എന്നും അവരുടെ അടുത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവരെ എങ്ങനെ സഹായിയ്ക്കാം എന്നും ഉള്ള പുതിയ ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ആണ്, ഭിഷഗ്വരൻ എന്ന ഈ കുറിപ്പുകൾ രൂപം കൊള്ളുന്നത്.
ഭിഷഗ്വരന്റെ ലക്ഷ്യം, സ്വഭാവ വൈകല്യങ്ങളിൽ എത്താൻ സാധ്യതയുള്ള കേസ്സുകൾ, അദ്വൈതം മാത്രം പറഞ്ഞ്, സമാധാനിപ്പിയ്ക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുകയും ചെയ്യുക എന്നതാണ്. കാരണം, എല്ലാത്തരം മാനസ്സികപ്രശ്നങ്ങളും ഉടലെടുക്കുന്നത്, ഞാൻ,ഞാൻ,ഞാൻ എന്ന ഭാവത്തിൽ നിന്നാണ്. ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്, ഞാൻ എന്ന ഭാവം ഒരളവു വരെ ആവശ്യമാണ്. എന്നാൽ ആ അളവിനപ്പുറം ഈ ഭാവം വളരുമ്പോൾ, മനസ്സിലും പ്രശ്നങ്ങൾ തുടങ്ങും.
(തുടർന്ന് വായിക്കുക)

2 comments:

vipinvamadevan said...

ashathodu yogikkunnu..... thudarnnu vayikkam...

Jyothikumar Cheruvally said...

thanks vipin...thudarnnu vayikkanam.